റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പത്ത് കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) അതിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും അറിയിച്ചു. ഭൂകമ്പം സുനാമിക്ക് കാരണമായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഓഗസ്റ്റിലും ജൂലൈയിലും റഷ്യ വലിയ ഭൂചലനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഓഗസ്റ്റിലുണ്ടായ ഭൂചലനത്തിൽ ആറ് തീവ്രത രേഖപ്പെടുത്തിയിരുന്നു. ജൂലൈയിൽ കാംചത്ക ഉപദ്വീപിൽ വലിയ ഭൂചലനം ഉണ്ടായിരുന്നു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടായതിനെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സുനാമിക്ക് പിന്നാലെ 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.