ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഭോലാ ദാസാണ് ഹര്‍ജി നല്‍കിയത്.
ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷ്ഠാ ചടങ്ങ് കോടതി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ മാസം 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തീകരിക്കാത്ത ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തരുതെന്ന് ശങ്കരാചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് പറയുന്നത്.
കൂടാതെ ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ലാത്ത സമയത്താണ് പ്രാണപ്രതിഷ്ഠ നടത്തുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.