കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ചരിത്രം രചിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍.
2024 ലെ തിരഞ്ഞെടുപ്പിലും വിജയിച്ച് നരേന്ദ്ര മോഡി ഹാട്രിക് അടിക്കും. 2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ല. അഴിമതി കേസുകളില്‍ സിപിഎം-ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവദേക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണത്തില്‍ കാര്യമില്ല. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും ജാവദേക്കര്‍ പറഞ്ഞു.
വീണാ വിജയന്‍ എന്താണ് ചെയ്തത് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ മനസിലാകും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തില്‍ കാര്യമില്ലെന്ന് ബോധ്യമാകുമെന്നും ബിജെപി നേതാവ് പറഞ്ഞു.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജാവദേക്കറുടെ പ്രതികരണം.