'ഇറാനെയും പാകിസ്ഥാനെയും മാത്രം ബാധിക്കുന്ന വിഷയം'; പാക്-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

'ഇറാനെയും പാകിസ്ഥാനെയും മാത്രം ബാധിക്കുന്ന വിഷയം'; പാക്-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ജയ്ഷ് അല്‍-അദല്‍ ഭീകരര്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിലും തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തിലും നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയം ഇറാനെയും പാകിസ്ഥാനെയും മാത്രം ബാധിക്കുന്ന ഒന്നാണെന്ന് ഇന്ത്യ അറിയിച്ചു.

ഇറാനും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരും. ഇരുരാജ്യങ്ങളുടെയും നീക്കം സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് മനസിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് റണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിദേശകാര്യമന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഇറാന്റെ മിസൈലാക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചു. അനന്തരഫലങ്ങളുടെ ഉത്തരവാദി ഇറാന്‍ മാത്രമായിരിക്കുമെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. തുടര്‍ന്ന് ഇറാനിലുള്ള പാക് പ്രതിനിധിയെ രാജ്യം തിരികെ വിളിക്കുകയും ഇസ്ലാമാബാദിലുള്ള ഇറാന്‍ അംബാസിഡറെ പുറത്താക്കുകയും ചെയ്തു.

2012 ല്‍ രൂപീകൃതമായിട്ടുള്ള സുന്നി സലഫി സംഘടനയാണ് ജയ്ഷ് അല്‍-അദല്‍. ഭീകര സംഘടനയായി ഇറാന്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഇവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുകിഴക്കന്‍ ഇറാനിലാണ് ജയ്ഷ് അല്‍-അദല്‍ പ്രവര്‍ത്തിക്കുന്നത്.

നീതിയുടെ സൈന്യമെന്ന് അവകാശപ്പെടുന്ന ഇവര്‍ 2013 ല്‍ ഇറാനില്‍ നടത്തിയ ഭീകരാക്രമണത്തോടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ആക്രമണത്തില്‍ 14 ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പലപ്പോഴായി രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടന്നു. സലാഹുദ്ദീന്‍ ഫറൂഖിയാണ് നിലവില്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

തുടര്‍ന്ന് ജയ്ഷ് അല്‍-അദലിന്റെ രണ്ട് താവളങ്ങള്‍ ബലൂച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ഇറാന്‍ ഇത് ലക്ഷ്യമിട്ടായിരുന്നു മിസൈലാക്രമണം നടത്തിയത്. ഭീകരര്‍ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇറാനും പാകിസ്ഥാനും തമ്മില്‍ ഏറെ നാളായി തര്‍ക്കം ഉടലെടുത്തിരുന്നതിന് പിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.