ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനസംഘടിപ്പിച്ച മേല്‍നോട്ട സമിതിയോട് സുരക്ഷാ പരിശോധന നിര്‍ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതി സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച് പരിശോധന നടത്താന്‍ അവകാശം തങ്ങള്‍ക്കാണെന്നുമാണ് തമിഴ്‌നാടിന്റെ അവകാശ വാദം.
സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നല്‍കുന്നില്ലെന്നും തടസം നിലനില്‍ക്കുന്നുവെന്നും തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. നിയമം അനുസരിച്ച് 2026 നകം പരിശോധന നടത്തിയാല്‍ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. മുന്‍ ആവശ്യങ്ങളിലുള്ള തീരുമാനത്തിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും.