ന്യൂഡല്‍ഹി: സര്‍ക്കാര്‍-എയ്ഡഡ് ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ആദായനികുതി ഇളവിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ ഒട്ടേറെ രൂപതകളും സഭകളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അടിയന്തര വാദം കേള്‍ക്കേണ്ടതുണ്ടെന്ന മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാറിന്റെ നിവേദനത്തില്‍ വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. എഴുപതിലേറെ ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.
കന്യാസ്ത്രീകളും വൈദികരും സമ്പാദ്യം രൂപതയിലേക്കും സഭയിലേക്കും മാറ്റുന്നതിലൂടെ ത്യാഗമാണ് ചെയ്യുന്നതെന്ന് അരവിന്ദ് ദത്താറും അഭിഭാഷകനായ റോമി ചാക്കോയും പറഞ്ഞു. ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുശേഷം കോടതി വാദം കേള്‍ക്കും.
അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് ആദായ നികുതി വകുപ്പ് 2014 ഡിസംബറില്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇത് മിഷനറി സ്‌കൂളുകളിലും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരള, തമിഴ്നാട് ഹൈക്കോടതികളെ കന്യാസ്ത്രീകളും വൈദികരും സമീപിച്ചിരുന്നു. കന്യാസ്ത്രീകളുടെയും വൈദികരുടെയും വരുമാനം സ്‌കൂള്‍ നടത്തുന്ന സഭയുടെ വരുമാനമായി മാറുകയാണെന്നും അധ്യാപകര്‍ ശമ്പളമായി വാങ്ങുന്നില്ലെന്നുമായിരുന്നു ഹര്‍ജികളുടെ അടിസ്ഥാനം.
എന്നാല്‍ ഹൈക്കോടതികള്‍ ഹര്‍ജികള്‍ തള്ളുകയായിരുന്നു. ഇതോടെയാണ് അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും സുപ്രീം കോടതിയെ സമീപിച്ചത്.