സംഘർഷത്തിനില്ലെന്ന് ഇറാനോട് പാക്കിസ്ഥാൻ; വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിൽ ധാരണ

സംഘർഷത്തിനില്ലെന്ന് ഇറാനോട് പാക്കിസ്ഥാൻ; വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിൽ ധാരണ

ഇസ്‌ലാമാബാദ്: പരസ്പരം അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളുടെ ചൂടാറും മുമ്പ് സംഘര്‍ഷം കടുപ്പിക്കേണ്ടെന്ന കാര്യത്തില്‍ ഇറാനും പാക്കിസ്ഥാനും ധാരണയായി. പാക്കിസ്ഥാന്‍ വിദേശ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനിയും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണയായതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭീകര പ്രവര്‍ത്തനത്തെ ചെറുക്കുന്ന കാര്യത്തില്‍ പരസ്പര സഹകണത്തോടെ പ്രവര്‍ത്തിക്കാനും മന്ത്രിമാര്‍ തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളും അംബാസഡര്‍മാരെ തിരിച്ചയക്കുന്ന കാര്യവും ചര്‍ച്ച ചെയ്തുവെന്ന് പ്രസ്താവന പറഞ്ഞു. പാകിസ്ഥാനും ഇറാനും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണൽ വിദേശകാര്യ സെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് പാകിസ്ഥാനിലെ ബലൂചിസ്താനിൽ സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയത്. ബലൂചിസ്താനിലെ പഞ്ച്ഗുർ താവളമാക്കി ജയ്ഷ് അൽ ആദിൽ തങ്ങളുടെ സുരക്ഷാസേനകളെ ആക്രമിക്കുന്നുവെന്നതാണ് ഇറാന്റെ ആരോപണം. പ്രതികാരനടപടിയായി ഇറാന്റെ സിസ്റ്റാൻ - ബലൂചിസ്താൻ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളിൽ വ്യാഴാഴ്ച പാക് വ്യോമസേന ബോംബിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.