റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം അദേഹത്തിന്റെ വീട്ടിലെത്തി. ഇ.ഡി സംഘത്തിന്റെ വരവിന് മുന്നോടിയായി വന്‍ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആയിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് റാഞ്ചിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചന്ദന്‍കുമാര്‍ സിന്‍ഹ അറിയിച്ചു. സോറന് പിന്തുണ അറിയിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഗോത്ര വര്‍ഗ നേതാക്കളും സ്ഥലത്ത് തമ്പടിച്ചിരുന്നു. വിവിധ ഗോത്രവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും ഇ.ഡിയും ഗൂഢാലോചന നടത്തുകയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ജനുവരി 16 നും 20 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോറന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20 ന് തന്റെ വസതിയിലെത്തി മോഴി രേഖപ്പെടുത്താന്‍ അദേഹം അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടുകയായിരുന്നു.
മുമ്പ് ഏഴു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറന്‍ ഇ.ഡിക്ക് മുമ്പില്‍ ഹാജരായിരുന്നില്ല. ഝാര്‍ഖണ്ഡിലെ ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഓഫീസറടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ.ഡി സോറനെ ചോദ്യം ചെയ്തിരുന്നു.