അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ന് പ്രാണപ്രതിഷ്ഠ. 12.20 ന് തുടങ്ങുന്ന ചടങ്ങുകള്‍ ഒരു മണിവരെ നീളും.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 8000 പേര്‍ ചടങ്ങില്‍ നേരിട്ട് സംബന്ധിക്കും.
രാമ ക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാന വീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി 7500 പൂച്ചെടികള്‍ നട്ടു. കൊട്ടും പാട്ടും കലാപരിപാടികളുമായി ശബ്ദാനമയമാണ് നഗര വീഥികള്‍.
പ്രാണ പ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 13,000ഓളം സുരക്ഷ ഉദ്യോഗസ്ഥരാണ് നിലയുറപ്പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്‌നൈപ്പര്‍മാരടക്കമുള്ളവരെയും നിയോഗിച്ചിട്ടുണ്ട്.
ആന്റി ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിസരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അപകടമുണ്ടായാല്‍ അവ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സ്ഥലത്തുണ്ട്.