അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകരും

അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകരും

ഗുവാഹട്ടി: അസമിലെ തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി പ്രവേശിക്കുന്നത് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്ന് രാവിലെ നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

തുടര്‍ന്ന് രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജയ്റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ നേതാക്കളും പ്രവര്‍ത്തകരും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമാണ് ബടാദ്രവ ധാന്‍. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം രാഹുലിന് ബടാദ്രവ ധാനില്‍ സന്ദര്‍ശനം നടത്താമെന്ന് ക്ഷേത്ര മാനേജ്മെന്റ് അറിയിച്ചു. എന്നാല്‍ എല്ലാവരും പോകുന്നുണ്ടെന്നും എന്തുകൊണ്ട് രാഹുലിനെ തടയുന്നുവെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നഗാവിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സോണിത്പുരില്‍ ഇന്നലെ രാഹുല്‍ സഞ്ചരിക്കുന്ന ബസിനു നേര്‍ക്ക് കാവിക്കൊടികളുമായി ബിജെപി പ്രവര്‍ത്തകര്‍ ഓടിക്കൂടിയിരുന്നു.

തുടര്‍ന്ന് രാഹുല്‍ ബസിന് പുറത്തിറങ്ങി ഇവരുടെ അടുത്തേക്ക് ചെന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അദേഹത്തെ തിരിച്ച് ബസിലേക്ക് കയറ്റുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.