ഐസ്വാള്‍: മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മാറിന്റെ സൈനിക വിമാനം തകര്‍ന്ന് വീണു. പൈലറ്റിനെ കൂടാതെ 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് പേര്‍ക്ക് പരിക്കേറ്റു. എട്ട് പേര്‍ സുരക്ഷിതരാണെന്ന് മിസോറാം ഡിജിപി അറിയിച്ചു.
മിസോറാമില്‍ അഭയം തേടിയ മ്യാന്‍മാര്‍ സൈനികരെ തിരികെ കൊണ്ടു പോകാനായി എത്തിയ വിമാനമാണ് ലാന്റിങിനിടെ തകര്‍ന്ന് വീണത്. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരാക്കന്‍ വിമത ഗ്രൂപ്പുകള്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച നൂറുകണക്കിന് സൈനികര്‍ മിസോറാമിലെ ലോങ്ട്‌ലായ് ജില്ലയില്‍ അഭയം പ്രാപിച്ചിരുന്നു. അസം റൈഫിള്‍സിന്റെ നിയന്ത്രണത്തിലായിരുന്നു ഇവര്‍ തങ്ങിയത്.
കഴിഞ്ഞ ദിവസം മ്യാന്‍മാര്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ 184 സൈനികരെ തിരികെ കൊണ്ടുപോയിരുന്നതായി അസം റൈഫിള്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ബാക്കിയുള്ള 92 പേരെ ഇന്ന് തന്നെ തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു കേണലിന്റെ നേതൃത്വത്തില്‍ 30 ഓഫീസര്‍മാരും 240 സൈനികരുമാണ് മിസോറാമില്‍ അഭയം തേടിയത്.