ഗുവാഹട്ടി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹട്ടിയില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഡിജിപിക്ക് നിര്‍ദേശം നല്‍കി. അതേസമയം ബാരിക്കേടുകള്‍ പൊളിച്ച പ്രവര്‍ത്തകരെ തടഞ്ഞ രാഹുല്‍ തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. സംഘര്‍ഷം രൂക്ഷമായതോടെ ശാന്തരാകാന്‍ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. ആര്‍എസ്എസിനെയും ബിജെപിയെയും ഭയക്കുന്നില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനമായ ചൊവ്വാഴ്ച അദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹട്ടി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി ഗുവാഹട്ടി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്.
നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പോലീസ് ഏര്‍പ്പെടുത്തിയത്. ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്.
നേരത്തേ മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യോത്തര പരിപാടിക്കും അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് അനുമതി നിഷേധിച്ചത്. അസം-മേഘാലയ അതിര്‍ത്തിയിലാണ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്.
ഇന്നലെ അസമില്‍ ബടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവേശനാനുമതി നിക്ഷേധിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്‌ക്കെതിരെ അസമില്‍ ബിജെപി വന്‍ പ്രതിരോധമാണ് തീര്‍ക്കുന്നത്.