ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്‌കരണങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎന്‍ പൊതുസഭ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ്. ജി4 രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം രണ്ട് വര്‍ഷത്തിനകം സാക്ഷാത്കരിക്കപ്പെടുമെന്നും അദേഹം വ്യക്തമാക്കി. യുഎന്‍ പൊതുസഭയുടെ 78-ാമത് സമ്മേളനത്തിന്റെ അധ്യക്ഷനായ ഡെന്നിസ് ഫ്രാന്‍സിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഡെന്നിസ് ഫ്രാന്‍സിസ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയത്. 22 ന് എത്തിയ അദേഹം 26 ന് മടങ്ങും. ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യയുമായി നടത്തുമെന്നും ഫ്രാന്‍സിസ് അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാധാരണക്കാര്‍ തുടങ്ങിയവരുമായും അദേഹം സംവദിക്കും. സുസ്ഥിരത, ബഹുരാഷ്ട്ര ബന്ധങ്ങള്‍, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരിപാടികളിലും സംബന്ധിക്കും.
രക്ഷാ സമിതിയുടെ പരിഷ്‌കാരങ്ങള്‍ക്ക് അംഗ രാജ്യങ്ങള്‍ പലരും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പരിഷ്‌കരണത്തിനായി രാഷ്ട്രീയ ഇച്ഛാശക്തി അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര സഹകരണത്തിനുള്ള വിശ്വാസം പുനസൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സ്ഥിരാംഗത്വം അര്‍ഹിക്കുന്നുണ്ട്. സുസ്ഥിരവും സുരക്ഷിതവും സമത്വമുള്ളതുമായ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പോലൊരു രാജ്യത്തിന് നിര്‍ണായക പങ്കുണ്ട്. മൂന്നാം ലോക രാജ്യങ്ങളില്‍ ഇന്ത്യ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.
കൂടാതെ രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കുന്ന പിന്തുണയേയും അദേഹം അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യസംഘത്തില്‍ ഇന്ത്യയില്‍ നിന്ന് രണ്ടരലക്ഷം പേരാണ് ഉള്ളത്. ദൗത്യത്തിലേക്ക് ഏറ്റവും കൂടുതല്‍ സേനയെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേദഹം പറഞ്ഞു.