കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി. ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസുമായി നടന്ന സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മമതയുടെ പ്രഖ്യാപനം.
സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂല്‍ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
ചര്‍ച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തിന്റെ വിശാല മുന്നണിയായ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി അവസരവാദിയാണെന്നും ബംഗാളില്‍ മത്സരിക്കാന്‍ അവരുടെ കരുണ വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി മമത രംഗത്തെത്തിയത്.
'മമതയുടെ സഹായത്തോടെ ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് അറിയാം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന കാര്യം മമത ബാനര്‍ജി ഓര്‍ക്കണം'- അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ശനിയാഴ്ചയും അദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരു പക്ഷവും തമ്മില്‍ വാക്പോര് ഇതാദ്യമായല്ല. ബംഗാളില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്. സീറ്റിനായി കോണ്‍ഗ്രസ് യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സീറ്റ് പങ്ക് വെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതെ കുറിച്ച് ഇപ്പോള്‍ പരസ്യ പ്രസ്താവന നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മമതയും അവരുടെ പാര്‍ട്ടിയും ഞങ്ങള്‍ക്കൊപ്പമുണ്ട്.
ചില സമയത്ത് അവരുടെ നേതാക്കള്‍ എന്തെങ്കിലുമൊക്കെ പറയും. അതുപോലെ ഞങ്ങളുടെ നേതാക്കളും. അതൊക്കെ സ്വാഭാവികമാണ്. അത്തരം പ്രസ്താവനകള്‍ കാര്യമാക്കാറില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.