ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍ വ്യക്തമാക്കി.
ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം എഎപി പിന്തുടരുമോയെന്ന ചോദ്യത്തിന് പഞ്ചാബില്‍ തങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് മാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ നിര്‍ദേശത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ അംഗീകാരം നല്‍കിയതായി രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് പിടിവാശിയുണ്ടെന്നാണ് എഎപിയുടെ ആരോപണം.
പശ്ചിമ ബംഗാളില്‍ മമതയും പഞ്ചാബില്‍ എഎപിയും ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായി.