ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 100 കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുവകകള്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിലാണ് സ്വത്ത് കണ്ടെത്തിയത്.
നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് ശിവ ബാലകൃഷ്ണ കോടികള്‍ സമ്പാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇയാളുടെ ബന്ധുക്കളുടെ വീടുകളും ഓഫീസുകളും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
40 ലക്ഷം രൂപയുടെ കറന്‍സി നോട്ട്, രണ്ട് കിലോഗ്രാം സ്വര്‍ണാഭരണം, 60 ആഡംബര വാച്ചുകള്‍, വസ്തുവിന്റെ പ്രമാണങ്ങള്‍, വലിയ തുകകളുടെ ബാങ്ക് നിക്ഷേപ രേഖകള്‍, 14 ഫോണ്‍, 10 ലാപ്ടോപ്, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച റെയഡില്‍ തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഓഫിസുകളടക്കം 20 ഇടങ്ങള്‍ പരിശോധിച്ചു. റെയ്ഡ് തുടരുമെന്ന് എസിബി അറിയിച്ചു. പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച ശിവ ബാലകൃഷ്ണയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.