ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ആയതിന്റെ 75 ാം വാര്‍ഷികം ഓര്‍മ്മപ്പെടുത്താന്‍ 'ഹമാര സംവിധാന്‍, ഹമാര സമ്മാന്‍' പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് അഭിഭാഷകരുടെ നിയമോപദേശം വരെ ലഭ്യമാക്കുന്ന ന്യായ സേതു ടോള്‍ ഫ്രീ നമ്പര്‍ സേവവനത്തിനാണ് കേന്ദ്ര നിയമ മന്ത്രാലയം തുടക്കമിട്ടത്.
നീതി വകുപ്പിന് കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. 14454 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തുന്നതിനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്ന്‍ ആണ് ഹമാര സംവിധാന്‍, ഹമാര സമ്മാന്‍. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുകയും രാജ്യത്തെ ബന്ധിപ്പിക്കുന്ന മൂല്യങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം.
ഭരണഘടനാ ചട്ടക്കൂടില്‍ പ്രതിപാദിച്ചിരിക്കുന്ന ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം വളര്‍ത്തിയെടുക്കാനാണ് രാജ്യമൊട്ടാകെ ക്യാമ്പെയ്ന്‍ ശ്രമിക്കുക. ജനാധിപത്യത്തിന് സംഭാവന നല്‍കാനും പങ്കാളിത്തം ഉറപ്പാക്കാനും ഓരോ പൗരനും ക്യാമ്പെയ്ന്‍ അവസരം നല്‍കും.