ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലാര്‍ വാക്കുകള്‍ ഇല്ലാതെ ഭരണഘടനാ ആമുഖം പങ്കുവച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ Mygov എന്ന പ്ലാറ്റ്ഫോമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലാണ് ഭരണഘടന ആമുഖം പങ്കുവച്ചിരിക്കുന്നത്. 1976 ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ്', 'സെക്കുലര്‍' വാക്കുകള്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയാണ് ഭരണഘടനാ ആമുഖത്തിന്റെ ചിത്രം Mygov പങ്കുവച്ചിരിക്കുന്നത്.
സോഷ്യലിസം, സെക്യുലര്‍ വാക്കുകള്‍ ഒഴിവാക്കിയ ഭരണഘടന ആമുഖം മോദി സര്‍ക്കാര്‍ പങ്കുവെക്കുന്നത് ആദ്യമല്ല. 2015 ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സമാനമായ രീതിയില്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും സൈനിക ആക്രമണങ്ങള്‍ നടത്തിയും ജമ്മുകശ്മീരില്‍ ഭീകരവാദം കുറഞ്ഞെന്നും പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി സമര്‍പ്പിച്ചതും ഭരണഘടനാ ആമുഖത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു, 34 ലക്ഷം കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചു, തുടങ്ങിയ കാര്യങ്ങളാണ് എടുത്ത് പറയുന്ന മറ്റ് കാര്യങ്ങള്‍.