ന്യൂഡല്‍ഹി: തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 2026 ഓടെ പദ്ധതി വിജയത്തിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തയ്യാറാക്കുന്നത്. തീര്‍ത്ഥാടന, വിനോദസഞ്ചാര, ചരിത്ര പ്രാധാന്യ ഇടങ്ങള്‍ എന്നിവ കണക്കിലെടുത്താണ് നഗരങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.
പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 30 നഗരങ്ങളിലെ പ്രധാന ഭിക്ഷാടന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ഭിക്ഷാടനം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള സര്‍വേ ആരംഭിച്ചു. ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം ഉള്‍പ്പെടെയാണ് പദ്ധതിയുടെ ലക്ഷ്യം.
ഭിക്ഷാവൃത്തി മുക്ത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത സര്‍വേയും പുനരധിവാസ മാര്‍ഗ നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിനായി ഒരു ദേശീയ പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കും. ഫെബ്രുവരി പകുതിയോടെ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയമാകും ഇവ പുറത്തിറക്കുക. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ മൊബൈല്‍ ആപ്പില്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യും. നിലവില്‍ കോഴിക്കോട്, വിജയവാഡ, മധുര, മൈസൂരു എന്നിവിടങ്ങളില്‍ സര്‍വേ പൂര്‍ത്തിയായി.