മോസ്‌കോ: റഷ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അപേക്ഷ സമർപ്പിച്ച് ബോറിസ് നദെഷ്ദിൻ. ഉക്രെയ്നിലെ മോസ്കോയുടെ അധിനിവേശത്തിനെതിരെ ശബ്ദമുയർത്തിയ രാഷ്ട്രീയ നേതാവാണ് നദെഷ്ദിൻ. വ്‌ളാഡിമിർ പുടിനെ മറികടന്ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഉക്രെയ്‌നിലെ സംഘർഷം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന് റഷ്യയിലെ പ്രാദേശിക കൗൺസിലറായ നദെഷ്ദിൻ പറഞ്ഞു.
105,000 ഒപ്പുകൾ ശേഖരിച്ച് ബുധനാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചതായി നദെഷ്ദിൻ പറഞ്ഞു. നദീഷ്‌ദിനും മറ്റ് സ്ഥാനാർത്ഥികളും സമർപ്പിച്ച ഒപ്പുകളുടെ ആധികാരികത സിഇസി പരിശോധിക്കുകയാണ്.
ഇത്തരം പിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ നദെഷ്ദിൻ റഷ്യക്കാർ സംഘർഷം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ സൂചനയാണിതെന്നും പറഞ്ഞു.
റഷ്യയിൽ തിരഞ്ഞെടുപ്പിൽ നിൽക്കാൻ കുറഞ്ഞത് 40 പ്രദേശങ്ങളിൽ നിന്നായി 100,000 ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിലുപരി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച പുടിന് 300,000 ഒപ്പുകൾ ആവശ്യമാണെങ്കിലും ഇതിനകം 3.5 ദശലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ പറയുന്നു.