ഇംഫാല്‍: മണിപ്പൂരില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണന്നും അതിനായി ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിനസ് നെലി. ബംഗളൂരുവില്‍ ഇന്ത്യന്‍ മെത്രാന്‍ സമിതിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദേഹം മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
മണിപ്പൂര്‍ ജനതയ്ക്ക് ആധ്യാത്മികമായും ഭൗതികമായും സഹായങ്ങളെത്തിച്ച ഇന്ത്യയിലെ വിവിധ കത്തോലിക്കാ സഭാ സമൂഹങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ആര്‍ച്ച് ബിപ്പ് നെലി നന്ദി പറഞ്ഞു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ക്രൈസ്തവരാണ്.
സംസ്ഥാനത്തെ കുക്കി, മെയ്‌തേയി സമൂഹങ്ങള്‍ക്കിടയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചു പരാമര്‍ശിച്ച ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍, അവിടുത്തെ കത്തോലിക്കാ സമൂഹങ്ങള്‍ നടത്തുന്ന സംരക്ഷണ ശ്രമങ്ങളും പുനരധിവാസ നടപടികളും മെത്രാന്‍ സമിതിയോടു വിശദീകരിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മണിപ്പൂരില്‍ ഇതുവരെ 180 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കപ്പെട്ടെന്നും അദേഹം പറഞ്ഞു. ഏതാണ്ട് മുന്നൂറോളം ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടു. ഏതാണ്ട് അറുപതിനായിരത്തോളം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
സന്നദ്ധ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിപ്പൂരിലെ പൊതുസമൂഹത്തില്‍ ഉണ്ടായിരിക്കുന്ന മുറിവുകള്‍ ആഴമേറിയവയാണെന്നും 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെ തുടര്‍ന്ന് ഏതാണ്ട് മൂന്നു മാസങ്ങളില്‍ എല്ലാ ദിവസവും സംഘര്‍ഷങ്ങള്‍ ഉണ്ടായതായാണ് മനസിലായതെന്ന് അദേഹം പറഞ്ഞു.
ഇന്നും മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ അവസാനിച്ചിട്ടില്ല. നിരവധിയാളുകള്‍ സംസ്ഥാനം വിട്ടുപോയിട്ടുണ്ട്. മാനവിക സഹായമെത്തിക്കാനായി വന്ന നൂറുകണക്കിന് ലോറികള്‍ ആക്രമിക്കപ്പെടുകയും തടയപ്പെടുകയും ചെയ്തുവെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. ലിനസ് നെലി പറഞ്ഞു.