സുഡാനില്‍ ഏഴ് ലക്ഷം കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; പല കുഞ്ഞുങ്ങളും മരണത്തിന്റെ വക്കിൽ; മുന്നറിയിപ്പുമായി യുനിസെഫ്

സുഡാനില്‍ ഏഴ് ലക്ഷം കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; പല കുഞ്ഞുങ്ങളും മരണത്തിന്റെ വക്കിൽ; മുന്നറിയിപ്പുമായി യുനിസെഫ്

ഖാർത്തൂം: സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം തുടരുന്ന സുഡാനിലെ കുട്ടികൾ‌ അനുഭവിക്കുന്നത് കടുത്ത പോഷകാഹാരക്കുറവടക്കമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ. സുഡാനില്‍ ഏഴ് ലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും അതില്‍ പല കുഞ്ഞുങ്ങളും മരണത്തിന്റെ വക്കിലാണെന്നുമുളള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുനിസെഫ് നടത്തിയിരിക്കുന്നത്.

കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്ന് ലക്ഷം കുട്ടികളെ മതിയായ സൗകര്യങ്ങളില്ലാതെയും മറ്റുസഹായങ്ങളില്ലാതെയും പരിചരിക്കാൻ കഴിയില്ലെന്നും യുനിസെഫ് വ്യക്തമാക്കുന്നു. ഈ കാരണം കൊണ്ട് തന്നെ ആയിരങ്ങള്‍ മരിക്കാനാണ് സാധ്യതയെന്നും യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡർ വ്യക്തമാക്കുന്നു.

സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തുടർച്ചയായ 300 ദിവസം സംഘർഷം അയവില്ലാതെ തുടരുകയാണ്. തുടർച്ചയായുണ്ടാകുന്ന ആക്രമണവും ആരോഗ്യ പ്രവർത്തകരുടെയും ജീവനക്കാരുടെയും അഭാവവും രാജ്യത്തിന്റെ ആരോഗ്യ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.

ആരോഗ്യ പ്രവർത്തകർക്ക് മാസങ്ങളായി ശമ്പളമില്ല. സംഘർഷ ബാധിത പ്രദേശങ്ങളിലെ 70 ശതമാനത്തിലധികം ആരോഗ്യ സൗകര്യങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും ആരോഗ്യ സംരക്ഷണം ലഭ്യമല്ല. കോളറ കേസുകളുടെ എണ്ണം മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചു.

കോളറ മൂലം 10,000-ത്തിലധികം കേസുകളും 300 മരണങ്ങളും രേഖപ്പെടുത്തി. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ മാത്രം കോളറ കേസുകളുടെ എണ്ണം 16 ശതമാനം വർധിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട ധാരാളം കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലും അഞ്ചാംപനിയും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡർ പറഞ്ഞു.

ഈ സാഹചര്യത്തിൽ കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ കോളറയും മലേറിയയും അടക്കമുള്ള രോ​ഗങ്ങൾ ഇനിയും പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന തെറാപ്യൂട്ടിക് ഭക്ഷണമാണ് ഇതിനുള്ള പ്രതിവിധിയെന്നും ജെയിംസ് എല്‍ഡർ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.