ആറു മണിക്കൂറിനുള്ളില്‍ 46 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്; റോക്കറ്റ് തിരികെ ലാന്‍ഡ് ചെയ്തു

ആറു മണിക്കൂറിനുള്ളില്‍ 46 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്; റോക്കറ്റ് തിരികെ ലാന്‍ഡ് ചെയ്തു

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സ് ബഹിരാകാശ മേഖലയില്‍ മറ്റൊരു സുപ്രധാന നേട്ടവും കൂടി കൈവരിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ രണ്ടു ദൗത്യങ്ങളിലായി 46 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ആണ് കഴിഞ്ഞദിവസം സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. വെറും ആറ് മണിക്കൂറിനുള്ളില്‍ ആയിരുന്നു ഈ രണ്ട് വിക്ഷേപണങ്ങളും സ്‌പേസ് എക്‌സ് നടത്തിയത്.

ഫ്‌ളോറിഡയില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നുമാണ് ഉപഗ്രഹവിക്ഷേപണങ്ങള്‍ നടന്നത്. ബാക്ക്-ടു-ബാക്ക് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ആണ് ഉപഗ്രഹ വിക്ഷേപണത്തിനായി സ്‌പേസ് എക്‌സ് ഉപയോഗിച്ചത്. പുനരുപയോഗിക്കാവുന്ന രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റുകള്‍ ആണ് ഫാല്‍ക്കണ്‍ 9.

ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിക്ഷേപിച്ച ശേഷം 9 മിനിറ്റിനുള്ളില്‍ റോക്കറ്റുകള്‍ തിരികെ ഭൂമിയിലെത്തുകയും പ്രത്യേകം തയ്യാറാക്കിയിരുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ സ്‌പേസ് എക്‌സ് മേഖലയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4:35 ന് ആയിരുന്നു 23 ഉപഗ്രഹങ്ങളുടെ ആദ്യ സെറ്റ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. ലിഫ്റ്റ്ഓഫ് കഴിഞ്ഞ് ഏകദേശം 8.5 മിനിറ്റുകള്‍ക്ക് ശേഷം, ഫാല്‍ക്കണ്‍ 9 ന്റെ ആദ്യ ഘട്ടം ഭൂമിയിലേക്ക് മടങ്ങിയെത്തി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന 'ജസ്റ്റ് റീഡ് ദി ഇന്‍സ്ട്രക്ഷന്‍സ്' എന്ന സ്പേസ് എക്സ് ഡ്രോണ്‍ കപ്പലില്‍ ലംബമായി ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് രാവിലെ ഒമ്പതരയോടെ രണ്ടാംഘട്ടം ഉപഗ്രഹവിക്ഷേപണവും സ്‌പേസ് എക്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചു.

കഴിഞ്ഞയാഴ്ചയും സ്പേസ് എക്സ് 23 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. കമ്പനിക്ക് നിലവില്‍ 5,000-ത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലുണ്ട്. ഇതു കൂടാതെ 12,000 എണ്ണം വരെ വിക്ഷേപിക്കാനുള്ള അനുമതിയുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.