മെല്‍ബണില്‍ ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്കിടെ താഴെ വീണ യുവാവിന് ദാരുണാന്ത്യം

മെല്‍ബണില്‍ ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്കിടെ താഴെ വീണ യുവാവിന് ദാരുണാന്ത്യം

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിന് മുകളിലൂടെ ഹോട്ട് എയര്‍ ബലൂണില്‍ സവാരി നടത്തുന്നതിനിടെ താഴെ വീണ് യുവാവിന് ദാരുണാന്ത്യം. മൃതദേഹം സമീപത്തെ ജനവാസമേഖലയായ പ്രെസ്റ്റണിലെ ആല്‍ബര്‍ട്ട് സ്ട്രീറ്റില്‍ നിന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ഹോട്ട് എയര്‍ ബലൂണ്‍ പറന്നുയര്‍ന്ന ഉടനെയാണ് യുവാവ് താഴെവീണത്. ബലൂണ്‍ സുരക്ഷിതമായി നിലത്തിറക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് എയര്‍ ബലൂണില്‍ ഉണ്ടായിരുന്നവര്‍ക്കും അതിനെ നിയന്ത്രിച്ച വ്യക്തിക്കും ഉള്‍പ്പെടെ കൗണ്‍സിലിംഗ് നല്‍കി. സംഭവത്തിനു തൊട്ടുപിന്നാലെ മറ്റ് നിരവധി ഹോട്ട് എയര്‍ ബലൂണുകളും താഴെയിറക്കി.

ഹോട്ട് എയര്‍ ബലൂണിലെ മറ്റ് യാത്രക്കാരുടെയും സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. യാത്രക്കാരന്‍ വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊറോണറിനായി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു.

നാഷണല്‍ കൊമേഴ്സ്യല്‍ ഹോട്ട് എയര്‍ ബലൂണിങ് ഇന്‍ഡസ്ട്രിയിലെയും ഓസ്ട്രേലിയന്‍ ബലൂണിങ് ഫെഡറേഷനിലെയും പ്രതിനിധികള്‍ തങ്ങളുടെ അനുശോചനം അറിയിച്ചു.

ഹോട്ട് എയര്‍ ബലൂണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സുരക്ഷയെ മുന്‍നിര്‍ത്തിയാണ്, പ്രത്യേകിച്ചും യാത്രക്കാര്‍ ആകസ്മികമായി പുറത്തേക്ക് വീഴുന്നത് തടയാന്‍ - ഒരു സംയുക്ത പ്രസ്താവനയില്‍ ഓസ്ട്രേലിയയിലെ ഹോട്ട് എയര്‍ ബലൂണിങ് വ്യവസായ ഗ്രൂപ്പുകള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.