ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ മുന്നണിയിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. സീറ്റ് വിഭജനത്തില്‍ പരസിന്റെ പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചിരുന്നു.
മോദി വലിയ നേതാവാണെങ്കിലും തന്റെ പാര്‍ട്ടിയോട് കാണിച്ചത് അനീതിയാണെന്ന്, രാജി തീരുമാനം അറിയിച്ചുകൊണ്ട് പരസ് പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി പരസ് പാര്‍ട്ടിയുമായി ഭിന്നിച്ച് രാഷ്ട്രീയ ലോക് ജനശക്തി എന്ന പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു.
സീറ്റ് വിഭജനത്തില്‍ എല്‍ജെപി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന് പരസിന്റെ സിറ്റിങ് സീറ്റായ ഹാജിപൂര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റാണ് നല്‍കിയത്. ആകെയുള്ള 40 ല്‍ ബിജെപി 17 സീറ്റില്‍ മത്സരിക്കും. ജെഡിയുവിന് 16 സീറ്റാണുള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്.