ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്

ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്

മെൽബൺ: ഓസ്ട്രേലിയയുടെ അമേരിക്കൻ അംബാസഡർ കെവിൻ റഡിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് മാധ്യമ ശ്യംഖലയായ ജി ബി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി കൂടിയായ റഡിനെ ട്രംപ് വിമർശിച്ചത്. റഡിനെ നികൃഷ്ടൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. റഡ് മോശം വ്യക്തിത്വമുള്ളയാളാണെന്നും മികച്ച ബുദ്ധിയുള്ള ആളായി കരുതുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ സ്വഭാവം തുടർന്നാൽ റഡിന് കൂടുതൽ കാലം അംബാസിഡർ സ്ഥാനത്ത് തുടരനാകില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ട്രംപ് പ്രസിഡന്റായാൽ കെവിൻ റഡിനെ അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും കെവിൻ റഡിന് പിന്തുണയുമായെത്തി. 2023 മാർച്ചിൽ അംബാസഡറാകുന്നതിന് മുമ്പ് റഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെ റഡ് ട്രംപിനെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രസിഡൻ്റ് എന്നാണ് വിളിച്ചത്.

ഓസ്ട്രേലിയയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് നയവിദഗ്ധനായ റഡിനെ അംബാസഡർ പദവിയിൽ 2023ൽ നിയമിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന കെവിൻ റഡ് 2007 മുതൽ 2010 വരെയും 2013 ജൂൺ മുതൽ സെപ്റ്റംബർ വരെയുമാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി പദം വഹിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.