കെജരിവാളിന് വീണ്ടും തിരിച്ചടി; ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി

കെജരിവാളിന്  വീണ്ടും  തിരിച്ചടി; ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി. ഡല്‍ഹി റോസ് അവന്യു കോടതിയുടെതാണ് നടപടി. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി അനുവദിച്ചില്ല.

മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്ത കെജരിവാളിന് വേണ്ടിയും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവും സ്‌പെഷ്യല്‍ കൗണ്‍സില്‍ സൊഹെബ് ഹൊസൈനും ഇ.ഡിക്ക് വേണ്ടിയും ഹാജരായി.

കേസില്‍ സാക്ഷി പറയാനും മൊഴി മാറ്റാനും ഇ.ഡി ആളുകളെ നിര്‍ബന്ധിച്ചുവെന്ന് കെജരിവാള്‍ പറഞ്ഞു. നൂറ് കോടിയുടെ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ആ പണം ഇവിടെ പോയെന്ന് കോടതിയില്‍ ചോദിച്ച അദേഹം ശരത് റെഡ്ഢിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു മുഖ്യമന്ത്രിയെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നതെന്നും ചോദിച്ചു.

ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഇ.ഡിയുടെ നീക്കമാണ് നടക്കുന്നത്. കേസിലെ സാക്ഷിയായ ശരത് റെഡ്ഡി അറസ്റ്റിലായതിന് പിന്നാലെ ഇലക്ട്റല്‍ ബോണ്ട് വഴി ബിജെപിക്ക് 50 കോടി രൂപ നല്‍കിയെന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യലിനോട് കെജരിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വാദിച്ചത്. കേസിലെ മറ്റ് പ്രതികളുമായി ചേര്‍ത്തിരുത്തി ചോദ്യം ചെയ്യണമെന്നും എസ്.വി രാജു പറഞ്ഞു. കെജരിവാള്‍ നൂറ് കോടി രൂപ കോഴ ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. മുഖ്യമന്ത്രി നിയമനത്തിന് അതീതനല്ല. ഒരു സാധാരണ മനുഷ്യനുള്ള അവകാശങ്ങളേ മുഖ്യമന്ത്രിക്ക് ഉള്ളുവെന്നും ഇഡി പറഞ്ഞു.

ഇതിനിടെ കെജരിവാളിന് പിന്നാലെ വാദം ആരംഭിച്ച അഭിഭാഷകന്‍ രമേശ് ഗുപ്തയെ കോടതി തടഞ്ഞു. ഇത് നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. തനിക്ക് സംസാരിക്കാന്‍ അവകാശമുണ്ടെന്നും ഒരുമണിക്കൂര്‍ വാദിക്കുമെന്നും അദേഹം ജഡ്ജിയോട് പറഞ്ഞു.

പിന്നീട് ജഡ്ജി തന്നെ ഇടപെട്ട് അദേഹത്തെ ശാന്തനാക്കുകയായിരുന്നു. ശരത് റെഡ്ഢി ബിജെപിക്ക് നല്‍കിയ സംഭാവനയുടെ പശ്ചാത്തലത്തില്‍ മദ്യനയ കേസും ഇലക്ടറല്‍ ബോണ്ടും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.