'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കും': വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കും': വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക്  സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ്. ഈ മാസം പത്തിനുള്ളില്‍ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് മനപ്പൂര്‍വം നടപ്പാക്കിയില്ലെന്ന ആരോപണത്തില്‍ സുപ്രീം കോടതി നേരത്തെ റാണി ജോര്‍ജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

അവിനാശ് പി, റാലി പി.ആര്‍, ജോണ്‍സണ്‍ ഇ.വി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു. 2011 ലെ പി.എസ്.സി ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളില്‍ നടത്താനായിരുന്നു ഉത്തരവ്.

സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഒഴിവുണ്ടായിരുന്ന തസ്തികകളിലേയ്ക്ക് മറ്റ് ആളുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. സുപ്രീം കോടതി ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനപൂര്‍വം നടപ്പാക്കിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.