'വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം': മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

'വര്‍ഗീയത ആളിക്കത്തിക്കാന്‍  ശ്രമം':  മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രകടന പത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വര്‍ഗീയത ആളിക്കത്തിക്കാന്‍ മോഡി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

പ്രകടന പത്രിക ആയുധമാക്കി ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് റാലികളിലുടനീളം കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആക്ഷേപം മോഡി കടുപ്പിക്കുകയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം മോഡി ഏറ്റെടുത്തിരിക്കുന്നത്.

വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ തിരഞ്ഞടെുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

മോഡിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും ലീഗ് പ്രീണന ആക്ഷേപം ഏറ്റെടുത്തു. ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയെന്നതിന്റെ തെളിവാണ് വയനാട്ടിലെ രാഹുലിന്റെ പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൊടി ഒഴിവാക്കിയതെന്നും ജെ. പി നഡ്ഡ ആരോപിച്ചു.

മോഡിയുടെ ന്യൂനപക്ഷ വിരുദ്ധത പ്രചാരണ വിഷയമാക്കുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. ന്യൂനപക്ഷ മേഖലകളിലടക്കം വിഷയം സജീവ ചര്‍ച്ചയാക്കും. പ്രകടന പത്രികയില്‍ അഭിപ്രായം അറിയിക്കണമെന്ന രാഹുലിന്റെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും നല്ല നിര്‍ദേശങ്ങള്‍ അനുബന്ധ പത്രികയായി ഇറക്കാന്‍ ആലോചനയുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.