ന്യൂഡല്‍ഹി: വിമര്‍ശനമുയര്‍ത്തുന്ന എത്ര പേരെ തിരഞ്ഞെടുപ്പിന് മുമ്പ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് യുട്യൂബില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാന്‍ തുടങ്ങിയാല്‍ എത്രപേരെ ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് ഓക തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയോട് ചോദിച്ചു.
എ. ദുരൈ മുരുഗന്‍ സട്ടായി എന്ന യൂട്യൂബര്‍ക്കെതിരായാണ് കേസെടുത്തിരുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് തൊട്ടു പിന്നാലെ ദുരൈ മുരുഗന്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വീണ്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
ജാമ്യത്തിലിരിക്കെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സട്ടായിയോട് നിബന്ധന വെക്കണമെന്ന അപേക്ഷയും സുപ്രീം കോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീര്‍ത്തികരമാണോ അല്ലയോ എന്ന് ആരാണ് നിര്‍ണയിക്കുകയെന്ന് ജസ്റ്റിസ് ഓക ചോദിച്ചു.