ആവശ്യപ്പെട്ടത് 5,000 കോടി; കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രാനുമതി

ആവശ്യപ്പെട്ടത് 5,000 കോടി; കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 5,000 കോടി രൂപയായിരുന്നു കേരളം മുന്‍കൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്.

നേരത്തേ സംസ്ഥാനത്തിന് 5,000 കോടി രൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളിയിരുന്നു. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് 5,000 കോടി നല്‍കാമെന്നും അത് അടുത്ത വര്‍ഷത്തെ പരിധിയില്‍ കുറവുചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഇത് തള്ളിയ കേരളം പതിനായിരം കോടി ഉടന്‍ കിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി.

കേന്ദ്രം വാഗ്ദാനം ചെയ്ത പണം വാങ്ങിക്കൂടേ എന്ന് കോടതി കേരളത്തോട് ചോദിച്ചു. ഇതോടെ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രവും ഇതേ നിലപാടെടുത്തു.

അവകാശപ്പെട്ട കേന്ദ്ര ഫണ്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. കടുത്ത ധനപ്രതിസന്ധി നേരിടുന്ന കേരളത്തിന് സാമ്പത്തിക വര്‍ഷാവസാനം പിടിച്ചു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റത്തവണ രക്ഷാ പാക്കേജ് അനുവദിക്കണമെന്നും അന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.