അമേരിക്കയില്‍ വൈദികനായി ആള്‍മാറാട്ടം നടത്തി പള്ളികളില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍; മുന്നറിയിപ്പുമായി രൂപതകള്‍

അമേരിക്കയില്‍ വൈദികനായി ആള്‍മാറാട്ടം നടത്തി പള്ളികളില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍; മുന്നറിയിപ്പുമായി രൂപതകള്‍

കാലിഫോര്‍ണിയ: അമേരിക്കയില്‍ വൈദികനായി ചമഞ്ഞ് വിവിധ പള്ളികളില്‍ കവര്‍ച്ച നടത്തിയ യുവാവിനെ കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു. 'ഫാ. മാര്‍ട്ടിന്‍' എന്ന പേരില്‍ പള്ളികളില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ചിരുന്ന മാലിന്‍ റോസ്റ്റസ് എന്ന 45-കാരനാണ് അറസ്റ്റിലായത്.

മോഷണത്തിന് ഉപയോഗിച്ച കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ട്രാഫിക്ക് സ്‌റ്റോപ്പില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് മാലിന്‍ റോസ്റ്റസിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെന്‍സില്‍വാനിയയില്‍ നടന്ന മോഷണക്കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഒരു പ്രാദേശിക പള്ളിയില്‍ മോഷണം നടത്തിയ ശേഷം മടങ്ങുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.



പുരോഹിതരുടെ കറുത്ത വസ്ത്രം ധരിച്ച്, ചിക്കാഗോയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ കത്തോലിക്ക വൈദികന്‍ എന്ന പരിചയപ്പെടുത്തിയാണ് അമേരിക്കയിലെയും കാനഡയിലെയും പള്ളികളില്‍ ഇയാള്‍ പ്രവേശിച്ചിരുന്നത്. ഇടവകാംഗങ്ങളുടെ പേരുകള്‍ പഠിച്ചും സഭാ പദാവലി മനപാഠമാക്കിയുമാണ് ഇയാള്‍ വിശ്വസ്തത നേടിയത്. ഡാളസ് രൂപതയ്ക്കു കീഴിലുള്ള പള്ളികളിലും പ്രതിയെ കണ്ടിട്ടുണ്ടെന്നും രാജ്യമെമ്പാടും വാറന്റുകളുണ്ടെന്നും പോലീസ് പറയുന്നു.

ഒരു സ്ത്രീയില്‍ നിന്ന് 6,000 ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഒന്നിലധികം ഇടവകകളെ പ്രതി ലക്ഷ്യമിട്ടതായി വിശ്വസിക്കപ്പെടുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

ആടുകളുടെ വേഷമണിഞ്ഞ ചെന്നായ്ക്കളെ കരുതിയിരിക്കണം എന്നാണ് ഒരു വിശ്വാസി പ്രതിയെക്കുറിച്ച് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള വ്യാജ വൈദികര്‍ സമൂഹത്തില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഒക്ടോബറില്‍ സ്റ്റോക്ക്ടണ്‍ രൂപത ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മെക്സിക്കോയിലെ യഥാര്‍ത്ഥ കത്തോലിക്ക വൈദികരുടെ പേരുപയോഗിച്ച് രണ്ടു പേര്‍ അമേരിക്കയിലെ കുടിയേറ്റക്കാരുടെ ഇടയില്‍ ചെന്ന് വിശ്വാസത്തെ ചൂഷണം ചെയ്ത് പണപ്പിരിവ് നടത്തിയിരുന്നു. ജ്ഞാന സ്‌നാനം, ആദ്യ കുര്‍ബാന എന്നിവ നടത്താനുള്ള ഫീസ് എന്ന നിലയിലാണ് പണപ്പിരിവ് നടത്തിയത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ വിശ്വാസികള്‍ കരുതിയിരിക്കണം എന്നാണ് രൂപതകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.