ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വൈകുന്നേരം അഞ്ച് മണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. അവസാന കണക്കുകള്‍ ലഭ്യമാകുമ്പോള്‍ പോളിങ് ശതമാനം വീണ്ടും ഉയരാം.
21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതിയത്. 16.63 കോടി വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. രണ്ട് ലക്ഷത്തോളം പോളിങ് സ്റ്റേഷനുകള്‍ ഇതിനായി സജ്ജമാക്കിയിരുന്നു.
തമിഴ്നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 63.2 ശതമാനമാണ് തമിഴ്നാട്ടിലെ പോളിങ്.
രാജസ്ഥാനില്‍ 12 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ വൈകുന്നേരം അഞ്ച് വരെ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം ഉത്തര്‍ പ്രദേശിലെ എട്ട് മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലും മണിപ്പൂരിലും പോളിങ്ങിനിടെ അക്രമ സംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച്ബിഹാറില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും പരസ്പരം പഴി ആരോപിക്കുകയും ചെയ്തു.
മണിപ്പൂരിലെ ബിഷ്ണുപുര്‍ പോളിങ് സ്റ്റേഷന്‍ പിടിച്ചെടുക്കാനുള്ള ശ്രമം പൊലീസ് തകര്‍ത്തു. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പൊലീസ് അക്രമികളെ തുരത്തിയത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ പോളിങ് സ്റ്റേഷന്‍ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച് തകര്‍ത്തു. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്‌ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി അറിവില്ല.