വുഹാൻ: വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ അറിയിച്ച വനിതാ മാധ്യമ പ്രവർത്തക നാല് വർഷത്തിനൊടുവിൽ ജയിൽ മോചിതയായി. വുഹാനിലെ കൊവിഡ് 19 വൈറസിനെക്കുറിച്ച് ആദ്യമായി ലോകത്തെയറിയിച്ച മാധ്യമ പ്രവർത്തക ഷാങ് ഷാൻ നെ ചൈന ഭരണകൂടം തടവിലാക്കിയിരുന്നു. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറമാണ് അവർ ജയിൽ മോചിതയാകുന്നത്.
അഭിഭാഷക കൂടിയായിരുന്ന ഷാങ് ഷാൻ 2020 ലാണ് വുഹാനിൽ എത്തുന്നത്. കോവിഡ് 19 വുഹാനിലാകെ പിടിമുറുക്കിയ സമയമായിരുന്നു അത്. നഗരത്തിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ കാരണം വളരെ ചുരുക്കം മാധ്യമ പ്രവർത്തകർ മാത്രമേ അവിടെ പ്രവർത്തിച്ചിരുന്നുള്ളു. കോവിഡ് 19 ന്റെ ഭീകരതയെക്കുറിച്ചുള്ള വീഡിയോ അടക്കമുള്ള വിവരങ്ങൾ ഷാങ് ഷാൻ തന്റെ ട്വിറ്റർ, വി ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികളിലെ ട്രോളികളിൽ രോഗികളെ കൊണ്ട് നിറഞ്ഞതുമായ ദൃശ്യങ്ങൾ ഷാങ് ഷാൻ പുറത്തുവിട്ടിരുന്നു. 'നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. അതാണ് ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ പേരിൽ അവർ നമ്മെ തടവിലിടുകയും നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു' എന്നായിരുന്നു കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു വീഡിയോയിൽ ഷാങ് ഷാൻ പറഞ്ഞത്.
റിപ്പോർട്ടിങ് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർത്തെന്നും കലഹങ്ങൾക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടി വുഹാൻ പൊലീസ് ഷാങ് ഷാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.