കനത്ത മഴയും പ്രളയവും; മഴയുടെ ഗതി തിരിച്ചുവിടാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ

കനത്ത മഴയും പ്രളയവും; മഴയുടെ ഗതി തിരിച്ചുവിടാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ

ജക്കാർത്ത: കനത്ത മഴയും പ്രളയവും വലച്ചതോടെ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതോടെയാണ് നടപടി. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഞ്ഞും മഴയും കുറച്ച് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഈ രീതി ഉപയോഗിച്ച് വരുന്നുണ്ട്.

ബുധനാഴ്ചയാണ് ഇന്തോനേഷ്യ ക്ലൗഡ് സീഡിങ് നടത്തിയത്. രക്ഷാപ്രവർത്തനം സുഗമമാക്കാൻ മഴയുടെ ഗതി മാറ്റുകയായിരുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതികരിച്ചു. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്തോനേഷ്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അടുത്ത ആഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി മേധാവി ദ്വികൊരിത കർണാവതി പറഞ്ഞു. പ്രശ്ന ബാധിത പ്രദേശങ്ങളിലെത്തുന്നതിന് മുമ്പേ മേഘങ്ങൾ പെയ്തുതീരുന്നതിനായി വ്യോമസേന വിമാന മാർഗം രാസവസ്തുകൾ നിക്ഷേപിച്ചതായി കർണാവതി അറിയിച്ചു.

പ്രളയത്തിൽ നിരവധി ആളുകളും നൂറ് കണക്കിനു വീടുകളുമാണ് ഒലിച്ചുപോയയത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. 1500 കുടുംബങ്ങൾ സർക്കാർ ക്യാംപുകളിലേക്കു മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ബുധനാഴ്ച ചെളിയിൽനിന്നും നദികളിൽ നിന്നുമായി 67 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.