മെല്‍ബണ്‍: വിക്ടോറിയയില്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ അതിക്രമിച്ചുകയറി പാലസ്തീന്‍ അനുകൂലികള്‍. ശനിയാഴ്ച രാവിലെ 200 ലേറെ വരുന്ന പ്രതിഷേധക്കാരാണ് സമ്മേളനം നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടി കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറിയത്.
പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും സംസ്ഥാന പ്രീമിയര്‍ ജസീന്ത അലനും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പാലസ്തീന്‍ അനുകൂലികള്‍ കനത്ത സുരക്ഷ മറികടന്ന് മൂണി വാലി റേസ്‌കോഴ്സ് കെട്ടിടത്തിലേക്ക് അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് സമ്മേളനം നടക്കുന്ന, അടച്ചിട്ട കോണ്‍ഫറന്‍സ് റൂമിന് പുറത്ത് മുദ്രാവാക്യം വിളിക്കാനും വാതിലില്‍ തുടര്‍ച്ചയായി മുട്ടിവിളിക്കാനും തുടങ്ങി. എംപിമാരും പാര്‍ട്ടി നേതാക്കളും അണികളും ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ ഈ സമയം മുറിക്കുള്ളിലുണ്ടായിരുന്നു. സംഘര്‍ഷ സാധ്യതയെതുടര്‍ന്ന് പാര്‍ട്ടി അംഗങ്ങളോട് അകത്ത് തന്നെ തുടരാന്‍ ലേബര്‍ നേതാക്കള്‍ നിര്‍ദേശിച്ചു.
ട്രേഡ് യൂണിയന്‍സ് ഫോര്‍ പാലസ്തീന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധത്തില്‍ ഗ്രീന്‍സ് പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നു. അതിനിടെ ഫ്രേസര്‍ എംപി ഡാനിയേല്‍ മുലിനോയെ പ്രതിഷേധക്കാര്‍ തള്ളിയിടുകയും ചെയ്തു. ഉന്തിലും തള്ളിലും ഒരു സുരക്ഷ ഗാര്‍ഡും നീങ്ങിക്കൊണ്ടിരുന്ന എസ്‌കലേറ്ററില്‍ വീണു.
സമാധാനപാരമായി നടന്ന സമ്മേളനത്തിലേക്ക് സമരക്കാര്‍ അക്രമവും യഹൂദവിരുദ്ധതയും കൊണ്ടുവന്നതായി പ്രീമിയര്‍ ജസീന്ത അലന്‍ ആരോപിച്ചു. ഇത് ഏറെ വെറുപ്പുളവാക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ഈ ഭീഷണിപ്പെടുത്തലുകളാല്‍ ആരും ഭയപ്പെടരുതെന്നും ജസീന്ത എക്സില്‍ കുറിച്ചു.
മന്ത്രിമാരായ ലില്ലി ഡി അംബ്രോസിയോ, ഹാരിയറ്റ് ഷിംഗ് എന്നിവരെ കോണ്‍ഫറന്‍സ് റൂമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പ്രതിഷേധക്കാര്‍ തടഞ്ഞു. രാവിലെ 10.35ഓടെ പ്രതിഷേധക്കാരെ പോലീസ് കെട്ടിടത്തില്‍ നിന്ന് നീക്കുകയായിരുന്നു.
പലസ്തീന്‍ ജനതയ്‌ക്കെതിരേയുള്ള ഇസ്രയേല്‍ നടപടിയെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റേറ്റ്, ഫെഡറല്‍ നിലപാടിനെതിരേയായിരുന്നു പ്രതിഷേധം.
ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍, തുറമുഖങ്ങള്‍, ഭരണസിരാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം പാലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കുകയാണ്. തന്ത്രപ്രധാന മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാണ് സമരങ്ങള്‍ അരങ്ങേറുന്നത്.