ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 49 മണ്ഡലങ്ങളിലാണ് തിങ്കളാഴ്‌ച പോളിങ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ 14 ഉം മഹാരാഷ്‌ട്രയിലെ 13 ഉം മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ പശ്ചിമ ബംഗാളില്‍ ഏഴും ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് പോളിങ് നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷ വിധാൻ സഭയിലേക്കുള്ള 35 മണ്ഡലങ്ങളിലെ വോട്ടെടുപ്പും നാളെയാണ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയാണ് റായ്‌ബറേലിയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. ഇവിടെ അഞ്ച് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.