ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെയും കണ്ടെത്താനായില്ല. ദൗത്യസംഘം ഹെലികോപ്റ്ററിനായി തെരച്ചില്‍ തുടരുകയാണ്. അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ മൂടല്‍മഞ്ഞുള്ള മേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രക്ഷാ ദൗത്യത്തിനായി 40 സംഘങ്ങള്‍ അസര്‍ബൈജാന്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം അപകടം സംഭവിച്ചതായി കരുതപ്പെടുന്ന പ്രദേശത്തേക്ക് ദൗത്യസംഘത്തിന് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും കാണാതായ ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവന്നേക്കുമെന്നുമാണ് ഇറാന്‍ ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇറാന്‍ പ്രസിഡന്റിനൊപ്പം വിദേശകാര്യമന്ത്രിയും കോപ്റ്ററിലുണ്ടായിരുന്നു. മൂന്ന് ദിവസത്തെ അസര്‍ബൈജാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രസിഡന്റും സംഘവും യാത്ര നടത്തിയത്. ഇതില്‍ രണ്ടെണ്ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. പ്രസിഡന്റും മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്ററാണ് കാണാതായത്. ഇതോടെയാണ് അപകടം സംഭവിച്ചെന്ന നിഗമനത്തിലെത്തിയത്.
പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി 40 ടീമുകളെയാണ് അയച്ചിരിക്കുന്നത്. ഡ്രോണുകളും ആംബുലന്‍സുകളും രക്ഷാ സംഘത്തിനൊപ്പമുണ്ട്. ഹെലികോപ്റ്ററിലുള്ളവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കാന്‍ ഇറാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രസിഡന്റിനായി പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. ഇറാന്‍ ദേശിയ ടെലിവിഷന്‍ പ്രസിഡന്റിനായുള്ള പ്രത്യേക പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്യുന്നുണ്ട്.