ടെഹ്റാന്‍:ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഹെലികോപ്റ്റര്‍ അപകടം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും കണ്ടെത്താനായിട്ടില്ല എന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. കനത്ത മൂടല്‍ മഞ്ഞാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.
ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പര്‍വത നിരയില്‍ നിന്ന് ചൂട് ഉയരുന്നത് ടര്‍കിഷ് ഡ്രോണ്‍ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് വിവരമില്ല. അതിനിടെ ഇറാന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി.
റഷ്യ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. എയര്‍ക്രാഫ്റ്റുകളും 50 അംഗ രക്ഷാ സേനയേയും അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പടെ ഒന്‍പത് പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്. ഇരുട്ടു മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്.
ജോല്‍ഫ നഗരത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്റര്‍ പറന്നുയരുന്ന സമയത്ത് പ്രദേശത്ത് നല്ല കാലാവസ്ഥയായിരുന്നു. പെട്ടെന്നാണ് കനത്ത മഴയും മൂടല്‍ മഞ്ഞുമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാനും കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.
പ്രസിഡന്റിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞു. ഇറാന്‍ ദേശീയ ടെലിവിഷനിലെ പരിപാടികള്‍ നിര്‍ത്തിവച്ച് പ്രസിഡന്റിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് നിലവില്‍ സംപ്രേഷണം ചെയ്യുന്നത്.