ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനെതിരെ വധ ഭീഷണി സന്ദേശം എഴുതിയ 32 കാരന്‍ അറസ്റ്റില്‍. ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ ഇയാള്‍ ഭീഷണി മുദ്രാവാക്യങ്ങള്‍ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മെട്രോ കോച്ചിനകത്തും അങ്കിത് ഗോയല്‍ ഭീഷണി വാക്യങ്ങള്‍ എഴുതിയിരുന്നു. ഡല്‍ഹി പൊലീസിന്റെ മെട്രോ യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ നിലവില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഗോയലിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഗോയല്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളാണെന്നും പ്രശസ്ത ബാങ്കില്‍ ജോലി ചെയ്യുന്നയാളാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബിജെപിയുമായി ബന്ധമുള്ളവരാണ് മെട്രോ സ്റ്റേഷനില്‍ ഭീഷണി മുദ്രാവാക്യം എഴുതിയത് എന്നാണ് എഎപിയുടെ ആരോപണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും പരാജയപ്പെടാന്‍ പോകുന്നത് ബിജെപിയെ തളര്‍ത്തിയെന്നും എഎപി അവകാശപ്പെട്ടു.