അപകടത്തിന് മുമ്പ് മറ്റ് ഹെലികോപ്റ്ററുകളുമായി പൈലറ്റ് ബന്ധപ്പെടാൻ ശ്രമിച്ചു; ഇബ്രഹാം റെയ്സിയുടെ മരണം സംബന്ധിച്ചുള്ള ആദ്യ അനന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ

അപകടത്തിന് മുമ്പ് മറ്റ് ഹെലികോപ്റ്ററുകളുമായി പൈലറ്റ് ബന്ധപ്പെടാൻ ശ്രമിച്ചു; ഇബ്രഹാം റെയ്സിയുടെ മരണം സംബന്ധിച്ചുള്ള ആദ്യ അനന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെ ഉള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം സംബന്ധിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ. അപകടത്തിന് പിന്നാലെ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് എത്തിയിരുന്നു. അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

റിപ്പോർട്ട് പ്രകാരം അപകടത്തിൽ പെട്ട ഹെലികോപ്റ്റർ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്. ഇവരുടെ ഫ്‌ളൈറ്റ് റൂട്ട് മാറിയിട്ടില്ല. അപകടമുണ്ടാകുന്നതിന് ഏകദേശം ഒന്നര മിനിറ്റ് മുൻപ് ഹെലികോപ്റ്ററിലെ പൈലറ്റ്, പ്രസിഡന്റിന് അകമ്പടിയായെത്തിയ മറ്റ് രണ്ട് ഹെലികോപ്റ്ററുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. തകർന്ന് വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സംശയാസ്പദമായ രീതിയിൽ വെടിയുണ്ടകളോ മറ്റ് സ്‌ഫോടനവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയിൽ ഇടിച്ച് വീണ ഹെലികോപ്റ്റർ തീപിടിച്ച് കത്തിയമരുകയായിരുന്നു. ദുഷ്‌കരമായ ഭൂപ്രകൃതിയും മൂടൽമഞ്ഞും അതിശൈത്യവുമെല്ലാം തിരച്ചിലും രക്ഷാപ്രവർത്തനവും മണിക്കൂറുകളോളം വൈകാൻ കാരണമായി. ഡ്രോണുകളുടെ സഹായത്തോടെയാണ് അപകടസ്ഥലം കൃത്യമായി തിരിച്ചറിയാൻ സാധിച്ചത്. വാച്ച് ടവറും ഫ്‌ളൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും, ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും അധികൃതർ വ്യക്തമാക്കി. അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീഴുന്നത്. വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി മുഹമ്മദ് അലി അലെ ഹാഷിം എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.