കോപ്റ്ററിനു നേരെ ആക്രമണം ഉണ്ടായിട്ടില്ല; ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ അട്ടിമറിയില്ലെന്ന് ഇറാന്‍ സൈന്യം

കോപ്റ്ററിനു നേരെ ആക്രമണം ഉണ്ടായിട്ടില്ല; ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ അട്ടിമറിയില്ലെന്ന് ഇറാന്‍ സൈന്യം

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും അട്ടിമറി ലക്ഷണമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പര്‍വതത്തില്‍ ഇടിച്ചതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ല. ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും വെടിയുതിര്‍ത്തതിന്റെ ലക്ഷണമൊന്നും കണ്ടെത്തില്ലെന്നും സൈന്യം വ്യക്തമാക്കി.

അപകടത്തിന് ഏകദേശം ഒന്നര മിനിറ്റ് മുന്‍പ് ഹെലികോപ്ടര്‍ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുടെ പൈലറ്റുമാരുമായി തകര്‍ന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് ബന്ധപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഇറാന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് മൂടല്‍മഞ്ഞുള്ള പര്‍വത പ്രദേശത്താണ് ബെല്‍ ഹെലികോപ്ടര്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ പ്രസിഡന്റുള്‍പ്പെടെ എട്ട് പേരും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.