സിംഗപ്പൂർ എയർലൈൻസ് അപകടം: 22 യാത്രക്കാർക്ക് നട്ടെല്ലിനും ആറ് പേർക്ക് തലയ്‌ക്കും ക്ഷതം; 13 ഓസ്ട്രേലിയക്കാർ ചികിത്സയിലുള്ളതായി വിദേശകാര്യ വകുപ്പ്

സിംഗപ്പൂർ എയർലൈൻസ് അപകടം: 22 യാത്രക്കാർക്ക് നട്ടെല്ലിനും ആറ് പേർക്ക് തലയ്‌ക്കും ക്ഷതം; 13 ഓസ്ട്രേലിയക്കാർ ചികിത്സയിലുള്ളതായി വിദേശകാര്യ വകുപ്പ്

ബാങ്കോക്ക് : സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഇരുപത്തിരണ്ട് യാത്രക്കാർക്ക് നട്ടെല്ലിലിലെ സുഷുമ്നാ നാഡിക്കും ആറ് പേർക്ക് തലച്ചോറിനും തലയോട്ടിക്കും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഇരുപത് പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടവരിൽ അധികവും.

ബാങ്കോക്കിലെ സമിതിവേജ് ശ്രീനകരിൻ ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ മസ്തിഷ്കാഘാതം സംഭവിച്ച രണ്ട് വയസുള്ള കുട്ടിയാണ്. മുതിർന്ന രോഗിയുടെ പ്രായം 83 ആണ്. വിമാനത്തിലുണ്ടായിരുന്ന 50ലധികം ഓസ്‌ട്രേലിയക്കാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലുള്ളതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ വകുപ്പ് അറിയിച്ചു. മൂന്ന് ഓസ്‌ട്രേലിയക്കാർ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേവരിൽ കീത്ത് ഡേവിസും ഭാര്യ കെറിയും ഉൾപ്പെടുന്നു. നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കീത്ത് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

'അക്ഷരാർത്ഥത്തിൽ പേടിച്ചുപോയ നിമിഷങ്ങളായിരുന്നു. ഒരു അറിയിപ്പും ഉണ്ടായില്ല. പെട്ടന്ന് ഞങ്ങൾ ഒരു വലിയ കുഴിയിൽ വീണെന്ന് ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ചക്കിടെ കെറി കാമ്പിന്റെ വാതിലുകളിൽ തട്ടി ഇടനാഴിയിലേക്ക് വീഴുകയായിരുന്നെന്ന്'- കീത്ത് പറഞ്ഞു.

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റ് എസ്‌ക്യു 321 മെയ് 21 ന് യാത്ര തുടങ്ങി ഏകദേശം 10 മണിക്കൂറിന് ശേഷം 37,000 അടി ഉയരത്തിൽ വെച്ച് പെട്ടെന്നുള്ള ആകാശച്ചുഴി നേരിട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും ഏകദേശം 104 യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

വിമാനത്തിലെ 46 യാത്രക്കാരും രണ്ട് ജീവനക്കാരും ചികിത്സയ്‌ക്കായി ബാങ്കോക്കിൽ തുടരുകയാണ്. ബോയിംഗ് 777-300ER വിമാനത്തിൽ 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടൻ ജെഫ്രി കിച്ചൻ (73) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.