'ആളുകളെ കൊന്ന് രക്തസാക്ഷികളാകാന്‍ ശ്രമം; ജര്‍മനിയില്‍ സിനഗോഗില്‍ കത്തിയാക്രമണത്തിനു ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

'ആളുകളെ കൊന്ന് രക്തസാക്ഷികളാകാന്‍ ശ്രമം; ജര്‍മനിയില്‍ സിനഗോഗില്‍ കത്തിയാക്രമണത്തിനു ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് നഗരത്തില്‍ സിനഗോഗില്‍ കത്തിയാക്രമണം നടത്താന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജര്‍മന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഒരാള്‍ക്ക് തുര്‍ക്കി പൗരത്വവുമുണ്ട്. പ്രതികളായ 24കാരന്‍ ഈ മാസം ആദ്യവും 18കാരന്‍ കഴിഞ്ഞ ദിവസവുമാണ് പിടിയിലായത്. ആക്രമണത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു.

ഹൈഡല്‍ബര്‍ഗിലെ സിനഗോഗിലെത്തി ആളുകളെ കുത്തിക്കൊല്ലണമെന്നും തുടര്‍ന്ന് അവിടെയെത്തുന്ന പോലീസിനു മുന്നില്‍ മരിക്കണമെന്നുമാണ് ആഗ്രഹിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അങ്ങനെ രക്തസാക്ഷികളാകാനാണ് ഇരുവരും ഉദ്ദേശിച്ചത്.

കഴിഞ്ഞ മൂന്നിന് മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ തെരച്ചിലിലാണ് ഒന്നാമന്‍ അറസ്റ്റിലായത്. താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ജനാലയിലൂടെ നിരവധി കത്തികളുമായി പുറത്തു ചാടിയ പ്രതി പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും പിടിയിലാകുകയുമായിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് രണ്ടാമനും അറസ്റ്റിലായത്.

ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണമുണ്ടായ ശേഷം ജര്‍മ്മനിയില്‍ യഹൂദവിരുദ്ധ കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.