രാജ്കോട്ട്: ഗുജറാത്തില്‍ രാജ്കോട്ടിലെ ഗെയിമങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 24 പേര്‍ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണെന്നും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. നിലവില്‍ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിങ് സെന്റര്‍. ഇയാള്‍ക്കെതിരെ കേസെടുത്തു.