മുറിവുകൾ സ്വയം ഉണ്ടാക്കിയതെന്ന് അഭിഭാഷകൻ; പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ; കോടതിയിൽ നാടകീയ രംഗങ്ങൾ

മുറിവുകൾ സ്വയം ഉണ്ടാക്കിയതെന്ന് അഭിഭാഷകൻ; പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ; കോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരിക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.

സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും അവർ പൊട്ടിക്കരഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം മനപൂർവം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നു എന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. അതിനിടെ കനത്ത ചൂടിൽ കോടതിക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്‌ക്കിടയാക്കി.

അതേസമയം തന്നെ വധിക്കുമെന്നും മാനഭംഗപ്പെടുത്തുമെന്നുമുള്ള ഭീഷണികൾ കൂടിയെന്ന് സ്വാതി മലിവാൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടിരുന്നു. യൂ ട്യൂബർ ധ്രുവ് രതി തന്റെ അഭിപ്രായങ്ങൾ മാനിക്കാതെ ഏകപക്ഷീയമായി വീഡിയോ പോസ്റ്റ് ചെയ്തെന്നും അവർ ആരോപിച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.