ഗാസ: റഫയിലടക്കം ഇസ്രയേല്‍ ശക്തമായ സൈനിക നടപടി തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ കരാറിന് താല്‍പര്യമറിയിച്ച് ഹമാസ്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചതായി ഹമാസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഈജിപ്തും ഖത്തറും ചേര്‍ന്ന് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് തങ്ങളുടെ നിലപാട് അറിയിച്ചത്. ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി.
ഏഴ് മാസമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ ഭാഗത്ത് വലിയ ആള്‍നാശമാണ് ഉണ്ടായിട്ടുള്ളത്. യുദ്ധം അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമായി തുടരുകയാണ്. എന്നാല്‍ ഇരുകൂട്ടരും പരസ്പരം പഴിചാരുന്നതു മൂലം സമാധാന ചര്‍ച്ചകള്‍ എവിടെയും എത്താതെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് നിലപാട് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ യുദ്ധം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഹമാസ് നേരത്തേ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇസ്രയേല്‍ നിലപാട് എടുത്തിരുന്നു. തങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച തീവ്രവാദി സംഘത്തെ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ അന്ന് പറഞ്ഞത്.
അതേസമയം തങ്ങള്‍ റാഫ ആക്രമിച്ചത് ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാനും ഹമാസ് തീവ്രവാദികളെ വധിക്കാനും ലക്ഷ്യം വെച്ചാണെന്ന് ഇസ്രയേല്‍ പറഞ്ഞു. പലസ്തീന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 36,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.