കങ്കണയുടെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍; നടിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷി

കങ്കണയുടെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍; നടിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷി

ന്യൂഡല്‍ഹി: നിയുക്ത എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ചെന്ന പരാതിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റില്‍.

ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ കങ്കണയെ അടിച്ചത്. സംഭവത്തെ തുടര്‍ന്ന് കുല്‍വീന്ദര്‍ കൗറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം അടിയേറ്റതിന് പിന്നാലെ പഞ്ചാബികള്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ കങ്കണയെ വിമര്‍ശിച്ച് അകാലിദള്‍ എംപി രംഗത്തു വന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഭിട്ടിന്‍ഡയില്‍ നിന്നുള്ള എംപിയായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആണ് വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.

'കര്‍ഷകരുടെ പരാതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. പഞ്ചാബികളെ ഭീകരവാദി, തീവ്രവാദി എന്നിങ്ങനെ മുദ്രകുത്താന്‍ ആരെയും അനുവദിക്കരുത്.

പഞ്ചാബികള്‍ രാജ്യസ്‌നേഹത്തില്‍ മുന്‍പന്തിയിലാണ്. അവര്‍ അതിര്‍ത്തികളില്‍ ഭക്ഷണ ദാതാക്കളായി രാജ്യത്തെ സേവിക്കുന്നവരാണ്. ഞങ്ങള്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു'- ബാദല്‍ എക്‌സ് പോസ്റ്റില്‍ വിശദമാക്കി.

താന്‍ സുരക്ഷിതയാണെന്നും പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും ഡല്‍ഹിയിലെത്തിയ ശേഷം കങ്കണ പറഞ്ഞു. 'സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് തന്റെ മുഖത്ത് അടിക്കുകയും അധിക്ഷേപ വാക്കുകള്‍ പറയാനും തുടങ്ങി.

എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബില്‍ ഭീകരത വളരുകയാണ്. പഞ്ചാബില്‍ വര്‍ധിച്ചു വരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടന്നും കങ്കണ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

2020-21 ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞിരുന്നു. കങ്കണ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറഞ്ഞു.

100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിച്ചിരുന്നു. കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്നയാളാണ് കുല്‍വീന്ദര്‍ കൗര്‍. അവരുടെ സഹോദരനും കര്‍ഷകനാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.