ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നാളെയാണ് സത്യപ്രതിജ്ഞ. കെവി സിങ് ദിയോ, പ്രവതി പരിദ എന്നീ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായും പുതിയ എംപിമാരും എംഎല്‍എമാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനം വന്നത്. 24 വര്‍ഷത്തെ നവീന്‍ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ധര്‍മേന്ദ്ര പ്രധാന്റെ അടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
പ്രധാനമന്ത്രി മോഡി ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭുവനേശ്വറിലെത്തും. തുടര്‍ന്ന് അദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും. നാലാം തവണയാണ് മോഹന്‍ ചരണ്‍ മാജി എംഎല്‍എയാകുന്നത്. ഗോത്ര മേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52 കാരനായ മാജി. ഒഡീഷയിലെ കെന്ദൂഝര്‍ മണ്ഡലത്തില്‍ നിന്ന് 11,577 വോട്ടുകള്‍ക്കായിരുന്നു വിജയം.