സാമൂഹിക മാധ്യമങ്ങളിലെ ''മോദി കാ പരിവാര്‍'' ടാഗ് നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോട് മോഡി

 സാമൂഹിക മാധ്യമങ്ങളിലെ ''മോദി കാ പരിവാര്‍'' ടാഗ് നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോട് മോഡി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത 'മോഡി കാ പരിവാര്‍' (മോഡിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡി. ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് മോഡിയുടെ ആഹ്വാനം. മൂന്നാം മോഡി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയ നേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു.

രാഹുല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് 'മോഡി കാ പരിവാര്‍' ടാഗ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദി രംഗത്തെത്തിയത്. എക്സിലൂടെയാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്.

'എന്നോടുള്ള സ്നേഹത്തിന്റെ അടയാളമായി ഇന്ത്യയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ 'മോഡി കാ പരിവാര്‍' എന്ന് ചേര്‍ത്തു. അതുവഴി എനിക്ക് ഒരുപാട് കരുത്ത് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു. നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി നല്‍കാന്‍ നമുക്ക് സാധിച്ചു. നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് 'മോഡി കാ പരിവാര്‍' നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ആ പേര് ഇല്ലാതായാലും കുടുംബമെന്ന നിലയിലുള്ള നമ്മുടെ ബന്ധം ശക്തമായി തുടരും.' -മോഡി ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.